Sunday, May 11, 2008

യോഗര്‍ട്ട്

എല്ലാര്‍ക്കും നല്ല പരിചയം ഉള്ള ഒരു ഉല്പന്നമാവട്ടെ ഇന്നത്തെ പരീക്ഷണ വസ്തു..ഇതിന്റേ പേരു യോഗര്‍ട്ട്.. സാധാരണയായി വ്യാവസായിക അടിസ്ഥാനത്തില്‍ മാത്രം ഉണ്ടാക്കുന്ന ഈ ഉല്പന്നം വീട്ടില്‍ എങ്ങനെ ഉണ്ടാക്കാന്‍ എന്നു നമുക്കു നോക്കാം.



എങ്ങനെ ഉണ്ടാക്കാം എന്നു പറയുന്നതിനു മുന്‍പു ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെ ആണു എന്നാദ്യം പറയാം..യോഗര്‍ട്ടിനു ആന്റി ബയോട്ടിക് ഗുണങ്ങള്‍ ഉണ്ട്..ഉദര രോഗങ്ങള്‍ക്ക് ഏറ്റവും നല്ലതാണ് ഈ ഉല്പന്നം.കുട്ടിക്കാലം മുതല്‍ കഴിച്ചു തുടങ്ങിയാല്‍ ഉദ്ദേശം 30 വര്‍ഷം ആയുസ്സ് കൂടുതല്‍ !!!!തൈരിനെ അപേക്ഷിച്ചു പുളി കുറവായതിനാല്‍ അള്‍സര്‍ രോഗികള്‍ക്കും ഉപയോഗിക്കാം..വിറ്റാമിന്‍ ബി ധാരാളമുള്ളതിനാല്‍ ആരോഗ്യ ദായകം..ഇതു പുളിക്കുന്ന സമയത്തുണ്ടാകുന്ന അമിനോ അമ്ലങ്ങള്‍ വളരെ വേഗം ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ പെട്ടെന്നു എനര്‍ജി വേണ്ടവര്‍ക്ക് ഉത്തമം ആണ്



യോഗര്‍ട്ട് ഉണ്ടാക്കാന്‍ തൈരിന്റെ ഉറ അല്ല സാധാരണ ഉപയോഗിക്കുന്നത്..സ്റ്റ്ട്രെപ്റ്റോകോക്കസ് തെര്‍മോഫിലസ്,ലാക്റ്റോ ബാസിലസ് ബള്‍ഗാരിക്കസ് എന്നീ അണുക്കള്‍ 1:1 എന്ന അനുപാതത്തില്‍ ഉറയായി ( കള്‍ച്ചര്‍ ) ഉപയോഗിക്കുന്നു..

1. 1 ലിറ്റര്‍ നറും പാല്‍ വൃതതിയുള്ള ഒരു പാത്രത്തില്‍ പകരുക.

2. 50 -60 ഡിഗ്രീ ചൂടാക്കുക .30-40 ഗ്രാം കൊഴുപ്പില്ലാത്ത പാല്‍പ്പൊടി 40-60 ഗ്രാം പഞ്ചസാരയും ചേര്‍ത്ത് പാലില്‍ ഇട്ട് നല്ല പോലെ ഇളക്കുക

3. ചേരുവ വെള്ളത്തില്‍ ഇറക്കി വെച്ചു ചൂടാക്കുക (90 ഡെഗ്രി 5 മിനുട്ട് ) .എന്നിട്ട് തണുപ്പിച്ചു 45 ഡിഗ്രീ സെത്ഷ്യസില്‍ കൊണ്ടു വരിക ( കുളിക്കുന്ന ചൂടുവെള്ളത്തിന്റെ ചെറു ചൂട് )

( ചൂടാക്കിയിട്ടു തണുപ്പിക്കാന്‍ വട്ടുണ്ടോ എന്നു വിചാരിക്കണ്ടാ..യോഗര്‍ട്ട് കള്‍ച്ചര്‍ ഏറ്റവും നന്നായി വളരുന്ന ഊഷ്മാവ് ആണു 45 ഡിഗ്രീ )


4. യോഗര്‍ട്ട് കള്‍ച്ചര്‍ 1 % എന്ന കണക്കിലും ( 1 ലിറ്ററിന് 10 മില്ലി ) വാഴപ്പഴം,പൈനാപ്പിള്‍,ചെറി ഇവയില്‍ ഏതെങ്കിലിന്റെയും പള്‍പ്പ് 10-15 % നിരക്കിലും ചേര്‍ക്കാം ..ഫ്ലേവര്‍ ഇഷ്ടമില്ലെങ്കില്‍ പ്ലെയിന്‍ യോഗര്‍ട്ടും ഉണ്ടാക്കാം

5. എല്ലാം ശരിയായി യോജിപ്പിക്കുക

6. ഇതു ഒരു പാത്രത്തില്‍ പകര്‍ത്ത് 43-45 ഡിഗ്രീ സെത്ഷ്യസിലെ വെള്ളത്തില്‍ ഇറക്കി വെക്കുക..വെള്ളത്തിന്റെ ഊഷ്മാവ് ഒരു കാരണ വശാലും കൂടാനോ കുറയാനോ പാടില്ല.തെര്‍മോ മീറ്ററ് ഉപയോഗിക്കാം.നിശ്ചിത ഊഷ്മാവില്‍ വൈക്കോല്‍ നിറച്ച പെട്ടിയില്‍ അടച്ചു സൂക്ഷിച്ചാലും ഒരു പരിധി വരെ ഊഷ്മാവ് 43-45 ഇല്‍ നിര്‍ത്താവുന്നതാണ്

7.കട്ടിയാകുന്നതിനു സാധാരണ 3.5 -4 മണിക്കൂര്‍ സമയം വേണ്ടി വരും.അത്രയും സമയം വെള്ളത്തിന്റെ ചൂട് വ്യത്യാസം വരരുത്

8 സെറ്റ് ചെയ്തു കഴിഞ്ഞാല്‍ പുളി കൂടാതിരിക്കാന്‍ ഉടനെ കൂളറിലേക്കു മാറ്റണം..ഊഷ്മാവ് 5 ഡിഗ്രീ സെത്ഷ്യസില്‍ താഴരുത്




യോഗര്‍ട്ടിന്റെ ഉറ ലഭിക്കുന്നിടം

1 നാഷണല്‍ കള്‍ച്ചര്‍ കളക്ഷന്‍ യൂണിറ്റ്
ഡയറി ബാക്റ്റീരിയോളജി ഡിവിഷന്‍
നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
കര്‍ണാല്‍,ഹരിയാന



ക്ഷീര വികസന വകുപ്പിന്റെ ആലത്തുര്‍,കോട്ടയം, കോഴിക്കോട്,തിരുവന്തപുരം എന്നിവിടങ്ങളിലെ ക്ഷീര പരിശീലന കേന്ദ്രങ്ങളിലും ലഭിക്കും..



പരീക്ഷിക്കൂ...ആരോഗ്യം വര്‍ദ്ധിപ്പിക്കൂ..ബൂലോകര്‍ എല്ലാം നല്ല പയറു മണി പോലെ ഓടി നടക്കുന്നതു കാണുന്നതാണ് എന്റെ പുണ്യം !!!!!!!!

7 comments:

Unknown said...
This comment has been removed by the author.
Unknown said...

ഇതൊക്കെ ഉണ്ടാക്കാന്‍ കാന്താരിക്കുട്ടി എവിടെ നിന്നാണ് പഠിച്ചെ
നല്ല പാചക രംഗം

കാപ്പിലാന്‍ said...

:)

നിരക്ഷരൻ said...

നല്ലൊരു സ്വീറ്റ് ലസ്സി ഉണ്ടാക്കി ഇങ്ങ് തരാന്‍ പറ്റുമോ ആ യോര്‍ഗട്ടുകൊണ്ട്. പയറുമണിപോലെ ഓടുന്ന കാര്യം ഞാനേറ്റു.
:) :)

കുഞ്ഞന്‍ said...

ഹൊ..ഇത്രയും ബുദ്ധിമുട്ടി ഉണ്ടാക്കുന്ന കാര്യമോര്‍ക്കുമ്പോള്‍....നല്ലത് പത്തുരൂപക്ക് കടയില്‍ കിട്ടുമെങ്കില്‍ അതാണ് നല്ലത് അതാണ് നല്ലത്..!

ഈ പറഞ്ഞ നിബന്ധനകള്‍ സാധാരണക്കാരന് എങ്ങിനെ പാലിക്കാന്‍ പറ്റും..? എന്തായാലും അഭിനന്ദനങ്ങള്‍..ഇതിന്റെ പിന്നിലുള്ള ഗുട്ടന്‍സ് പറഞ്ഞുതന്നതില്‍..

സു | Su said...

ഇത്രയൊക്കെ പരീക്ഷിക്കുന്നതില്‍ തെറ്റൊന്നുമില്ല. നന്നായെങ്കില്‍ വീണ്ടും ട്രൈ ചെയ്യാമാല്ലോ. അല്ലെങ്കില്‍ ഞാന്‍ അവിടെ വന്നിട്ട് ബാക്കി പറയാം.

siva // ശിവ said...

കാന്താരിച്ചേച്ചി...തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ ഇതൊന്ന് പാചകം ചെയ്തു കൂടെ കൊണ്ടുവരണേ?